ഡബ്ലിൻ : ഹച്ച്-കിനാഹാൻ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടെ യുവാവ് കൊല്ലപ്പെട്ട കേസിൽ 46-കാരിയ്ക്ക് ആറ് വർഷവും മൂന്ന് മാസവും തടവുശിക്ഷ . ആർട്ടെയ്ൻ സ്വദേശി സിയാര മഹോണിയെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം യുകെയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് അയർലൻഡിന് കൈമാറിയത്.
24-കാരനായ ജാമി ടൈഗ്-എന്നിസാണ്, 2017 ഒക്ടോബർ 28-ന് കൊല്ലപ്പെട്ടത് . പുലർച്ചെ ഡബ്ലിനിലെ കൂലോക്കിൽ പബ്ബിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ അക്രമികൾ ജാമിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട ജാമിയെ സിയാരയ്ക്ക് പരിചയമുണ്ടായിരുന്നു. ‘ബേർണർ ഫോൺ’ ഉപയോഗിച്ച് ഇവർ ജാമിയെ പലതവണ വിളിക്കുകയും, കൊലപാതകത്തിന് തൊട്ടുമുമ്പ് രാത്രി പബ്ബിൽ വെച്ച് കാണുകയും ചെയ്തിരുന്നു.
കൊലയാളികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കത്തിച്ചുനശിപ്പിക്കാൻ ആവശ്യമായ പെട്രോളും ഇവർ തന്നെയാണ് വാങ്ങിയതെന്നും വ്യക്തമായിരുന്നു.

