ബിജാപൂർ ; ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നക്സലൈറ്റ് നേതാവും, നക്സലൈറ്റ് സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ നമ്പാല കേശവ് റാവു എന്ന ബസവ് രാജു കൊല്ലപ്പെട്ടു.നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ എന്നിവയുടെ അതിർത്തി പ്രദേശങ്ങളിലെ അബുജ്മദിലെ ബോട്ടർ പ്രദേശത്ത് ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ബസവ രാജു കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഢിലെ നക്സലിസത്തിനെതിരെ സുരക്ഷാ സേന ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും വലിയ ചരിത്ര നേട്ടമാണിത്. രാജ്യമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന നക്സലൈറ്റ് നേതാവായിരുന്നു ബസവ രാജു . ഡിആർജി സൈനികരാണ് ബസവ രാജുവിനെ കൊലപ്പെടുത്തിയത്. നക്സൽ സംഘടനയുടെ ഉന്നത നേതാക്കളിലൊരാളായ ബസവ രാജു , രാജ്യത്തെ കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിൽ നക്സൽ ശൃംഖലകളും പ്രവർത്തനങ്ങളും നടത്തിയിരുന്നു.
2010 ഏപ്രിൽ 6 ന് ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ചിന്തൽനാർ പ്രദേശത്ത് നക്സലൈറ്റുകൾ കേന്ദ്ര റിസർവ് പോലീസ് സേനയുടെ ഒരു വാഹനവ്യൂഹത്തെ പതിയിരുന്ന് ആക്രമിച്ചു. ഈ ആക്രമണത്തിൽ 76 സിആർപിഎഫ് ജവാന്മാരും ഒരു ഛത്തീസ്ഗഢ് പോലീസ് ഉദ്യോഗസ്ഥനും രക്തസാക്ഷികളായി. തുടർന്ന്, 2013 മെയ് 25 ന്, ഝീരം താഴ്വരയിൽ കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തെ നക്സലൈറ്റുകൾ ആക്രമിക്കുകയും പാർട്ടിയിലെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തു. ഈ രണ്ട് ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ബസവ രാജു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സൂചന .രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾക്ക് തലവേദനയായി മാറിയ ഈ നക്സലൈറ്റിന്റെ തലയ്ക്ക് സർക്കാർ 1.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.