പരീക്ഷയിൽ ജയവും , പരാജയവുമൊക്കെ സർവ്വസാധാരണമാണ് . എന്നാൽ ഇക്കാലത്ത് പല വിദ്യാർത്ഥികളും ഇത്തരം പരാജയങ്ങൾ പോലും താങ്ങാൻ ശേഷിയില്ലാതെ ജീവൻ ഒടുക്കാറുണ്ട്.
മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള കുറ്റപ്പെടുത്തലുകളും അതിന് ഒരു പരിധി വരെ കാരണമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിയെ കൊണ്ട് കേക്ക് മുറിപ്പിച്ച് , അവനെ പരാജയത്തിന്റെ ആഘാതത്തിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടു വരുന്ന കുടുംബത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് .ബാഗൽകോട്ടിലെ ബസവേശ്വര ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥിയായ അഭിഷേക് യല്ലപ്പ, എസ്എസ്എൽസി പരീക്ഷയിൽ 625 ൽ 200 മാർക്കാണ് നേടിയത് . ആറ് വിഷയങ്ങൾക്കാണ് അഭിഷേക് പരാജയപ്പെട്ടത്.
എന്നാൽ പരീക്ഷാ ഫലം വന്നപ്പോൾ മാതാപിതാക്കൾ അഭിഷേകിനെ ശകാരിച്ചില്ല, മറിച്ച് അവന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അവനൊപ്പം നിന്നു . അച്ഛനും അമ്മയും സഹോദരനും സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന കുടുംബം അഭിഷേകിനായി കേക്ക് വാങ്ങി . അത് മുറിപ്പിച്ച് , മകനെ കെട്ടിപ്പിടിച്ചാണ് കുടുംബം പിന്തുണ അറിയിച്ചത് . പരീക്ഷകൾ അല്ല ജീവിതം , വീണ്ടും ശ്രമിക്കൂ എന്നായിരുന്നു അഭിഷേകിന്റെ അച്ഛൻ പറഞ്ഞത്.
പരീക്ഷയിൽ ഞാൻ തോറ്റേക്കാം, പക്ഷേ ജീവിതത്തിൽ ഞാൻ തോറ്റുപോകില്ല. , ജീവിതത്തിൽ വിജയം നേടുമെന്നും അത് കാണിച്ചുതരുമെന്നുമാണ് ഇപ്പോൾ അഭിഷേക് പറയുന്നത്.

