അമൃത്സർ: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ സുവർണ്ണക്ഷേത്രത്തിൽ വെച്ച് വെടിവെപ്പ്. സുവർണ്ണക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് സമീപം നിന്ന് നേർച്ച അർപ്പിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് അക്രമി പിടിയിലായി. ശിരോമണി അകാലിദൾ നേതാക്കൾക്കെതിരെ വെടിയുതിർത്തത് നാരായൺ സിംഗ് ചൗര എന്നയാളാണെന്ന് പിന്നീട് വ്യക്തമായി. ഇയാളെ പോലീസിന് കൈമാറി.
മതനിയമങ്ങൾ ലംഘിച്ചുവെന്ന് ആചാര്യന്മാർ കണ്ടെത്തിയതിനെ തുടർന്ന് വിധിക്കപ്പെട്ട പ്രായശ്ചിത്ത കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനിടെയായിരുന്നു ബാദലിന് നേരെ അപ്രതീക്ഷിതമായി വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ശിരോമണി അകാലിദൾ ഔദ്യോഗികമായി വ്യക്തമാക്കി. പ്രായശ്ചിത്ത കർമ്മങ്ങളുടെ ഭാഗമായി സുവർണ്ണക്ഷേത്രത്തിൽ പാത്രം കഴുകൽ, ചെരുപ്പ് വൃത്തിയാക്കൽ, ശൗചാലയം വൃത്തിയാക്കൽ എന്നിവ ചെയ്ത് വരികയായിരുന്നു ബാദൽ.
ബാദലിന് നേർക്ക് നടന്ന വധശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ക്രമസമാധാനം തകർന്ന പഞ്ചാബിനെ ആം ആദ്മി പാർട്ടി സർക്കാർ അരാജത്വത്തിലേക്ക് തള്ളിവിടുകയാണെന്ന് ബിജെപി ആരോപിച്ചു.