ബംഗാൾ : തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്ത് എം എൽ എ മാർ ചുവട് മാറിയതിനു പിന്നാലെ പാർലമെന്റിലും മാറ്റങ്ങൾ വന്നേക്കുമെന്ന് സൂചന . 20 ഓളം തൃണമൂൽ എം പി മാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ .
ചർച്ചകൾ ഉയർന്ന തലങ്ങളിൽ നടക്കുന്നുണ്ടെന്നും , എം പി മാർ താല്പര്യം അറിയിച്ചു കഴിഞ്ഞുവെന്നുമാണ് സൂചന. കഴിഞ്ഞ ദിവസമാണ് മമത ബാനർജി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സംസ്ഥാനത്തെ ഔദ്യോഗിക പ്രതിപക്ഷമായി സ്പീക്കർ പ്രഖ്യാപിച്ചത് . 60 ഓളം എം എൽ എ മാരുടെ പിന്തുണയും ഋതബ്രതയ്ക്കുണ്ട്. പാർട്ടിയ്ക്കുള്ളിൽ അഴിമതിയും, കെടുകാര്യസ്ഥതയും ഉണ്ടെന്ന ആരോപണമാണ് വിമത വിഭാഗം ഉയർത്തുന്നത്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്നും ഒരു വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചുവട് മാറ്റം ദേശീയതലത്തിലും തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയാകും. പാർട്ടിയുടെ പേരും , ചിഹ്നവും പോലും വിമതവിഭാഗം സ്വന്തമാക്കുമോയെന്ന ഭയത്തിലാണ് മമത ബാനർജി.പാർലമെന്റിന്റെ ഇരുസഭകളിലുമായി 41 അംഗങ്ങളാണ് തൃണമൂലിനുള്ളത് . അതിൽ 28 പേർ ലോക്സഭയിലും , 13 പേർ രാജ്യസഭയിലുമാണ്. എം പി മാരും പാർട്ടി വിടുന്നതോടെ നിയമസഭ പരാജയത്തിനു പിന്നാലെ മമതയ്ക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ഇത്. പാർലമെന്റിലെ പ്രതിപക്ഷത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ തൃണമൂലിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ബിജെപിയ്ക്ക് നിലവിൽ ലോക്സഭയിൽ 240 എം പി മാരാണുള്ളത് . തൃണമൂലിന്റെ 20 എം എൽ എ മാർ കൂടി എത്തുന്നത് അംഗബലം 260 ലേയ്ക്കെത്തും. ലോക്സഭയിൽ ബില്ലുകളും മറ്റും പാസാക്കാൻ 272 അംഗങ്ങളുടെ പിന്തുണയാണ് പാർട്ടിയ്ക്ക് തനിച്ചു വേണ്ടത്. രാജ്യസഭയിൽ 245 സീറ്റുകളിൽ 113 അംഗങ്ങളാണ് ബിജെപിയ്ക്കുള്ളത് . ബംഗാളിലെ തൃണമൂൽ പാർട്ടിയിൽ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയാണ് ആഭ്യന്തരകലാപം രൂക്ഷമായത്. തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ആർ ജി കാർ പീഡനക്കേസ് ,അഴിമതി എന്നീ കാര്യങ്ങളിൽ പാർട്ടിയുടെ നിലപാടിനെ മുതിർന്ന പല നേതാക്കളും ചോദ്യം ചെയ്തിരുന്നു. ഫലം വന്നതിനു പിന്നാലെ നേതാക്കളും ടി എം സി യിൽ അകലാനും തുടങ്ങി. കൗൺസിലർമാർ രാജിവയ്ക്കാനും തുടങ്ങിയതോടെ പാർട്ടിയുടെ തിരിച്ചടി ആരംഭിച്ചു.
രണ്ട് ദിവസം മുൻപാണ് മമതയുടെ അനന്തിരവനും, ടിഎം സി നേതാവുമായ് അഭിഷേക് ബാനർജിയ്ക്ക് അക്രമമുണ്ടായത് . സംഭവത്തിൽ അറസ്റ്റിലായവരിൽ പലർക്കും ടിഎം സിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അക്രമത്തിൽ പ്രതിഷേധിക്കാൻ മമത വിളിച്ചു ചേർത്ത യോഗത്തിലാകട്ടെ ആകെ പങ്കെടുത്തത് 20 എം എൽ എ മാരും. 60 ഓളം ടിഎം സി എം എൽ എ മാരാണ് മമതയുടെ യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്നത് .
അതിനു പിന്നാലെയാണ് ഋതബ്രത ബാനർജിയടക്കം രണ്ട് എം എൽ എ മാരെ മമത പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി പുറത്താക്കിയത് . എന്നാൽ പാർട്ടിയിലെ 60 ഓളം എം എൽ എ മാർ ഒറ്റക്കെട്ടായി ഋതബ്രത ബാനർജിയ്ക്കൊപ്പം നിൽക്കുന്ന കാഴ്ച്ചയാണ് പിന്നീടുണ്ടായത്. താമസിയാതെ സംസ്ഥാനത്തെ പ്രതിപക്ഷനിരയും വിമതവിഭാഗം പുനസംഘടിപ്പിച്ചു. ഇതോടെ പാർട്ടി കമ്മിറ്റികൾ തൃണമൂൽ പിരിച്ചു വിടുകയും ചെയ്തു.

