ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെ ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ-315 വിമാനമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. വിമാനത്തിന് ആകാശത്ത് വെച്ച് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്.
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട അതേ ബോയിംഗ് ഡ്രീംലൈനർ 787 സീരീസ് വിമാനമാണിത്. ഇതിന്റെ പരിശോധന പുരോഗമിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്. വിമാനം വീണ്ടും ലാൻഡിംഗ് നടത്തുന്നതിനെക്കുറിച്ചോ പകരം വിമാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളെക്കുറിച്ചോ എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, എയർ ഇന്ത്യയുടെ 33 ഡ്രീംലൈനർ സീരീസ് വിമാനങ്ങളിൽ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. അഹമ്മദാബാദ് അപകടത്തെത്തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിർദ്ദേശങ്ങളെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി, ചില സർവീസുകൾ വൈകിയേക്കാമെന്നും യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി റീഫണ്ട് അഭ്യർത്ഥിക്കാമെന്നും എയർ ഇന്ത്യ അറിയിച്ചു.വിദേശത്തേക്ക് പോയ വിമാനങ്ങൾ തിരിച്ചെത്തുമ്പോൾ പരിശോധിക്കും. ശനിയാഴ്ച വരെ ഒമ്പത് വിമാനങ്ങളിൽ പരിശോധന പൂർത്തിയായി. ശേഷിക്കുന്ന 24 വിമാനങ്ങളിൽ സമയപരിധിക്കുള്ളിൽ പ്രക്രിയ പൂർത്തിയാകും. ചില ദീർഘദൂര റൂട്ടുകളിലും നിയന്ത്രണങ്ങളുള്ള വിമാനത്താവളങ്ങളിലും പരിശോധനകൾക്ക് സമയമെടുക്കും. സർവീസ് കാലതാമസത്തെക്കുറിച്ച് യാത്രക്കാരെ സമയബന്ധിതമായി അറിയിക്കും.

