ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിനെ ചുമതലപ്പെടുത്തി എഐസിസി. തമിഴ്നാട് ജനതയുടെ വികാരങ്ങൾ കണക്കിലെടുത്ത് അന്തിമ തീരുമാനം എടുക്കാനാണ് നിർദേശം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മതേതര സർക്കാർ രൂപീകരിക്കാനാണ് താല്പര്യമെന്ന് വിജയ് അറിയിച്ചു. സംസ്ഥാനത്തെ സാഹചര്യം നോക്കി തമിഴ്നാട് പിസിസിയോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ് . സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചിരുന്നു. തമിഴകത്ത് വൻ വിജയം നേടിയതിന് പിന്നാലെ ടിവികെ ആസ്ഥാനത്തെത്തി നിയുക്ത എംഎൽഎമാരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരണത്തിന് രണ്ടാഴ്ചത്തെ സമയവും ഗവർണറോട് വിജയ് ആവശ്യപ്പെട്ടിരുന്നു.

