ചെന്നൈ : നടനും മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡന്റുമായ കമൽ ഹാസൻ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മുതിർന്ന എംഎൻഎം നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
നാമമിർദേശ പത്രിക നൽകുന്ന ചിത്രങ്ങളും കമൽ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. ‘ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റ്, എന്റെ പ്രിയ സുഹൃത്ത് ശ്രീ. എംകെസ്റ്റാലിൻ എന്നിവർ രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൽ നേതൃത്വം നൽകിയതിനും എന്നെ അഭിനന്ദിച്ചതിനും ഞാൻ നന്ദി പറയുന്നു’ എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു.
കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളെത്തുടർന്ന് ഉണ്ടായ പ്രതിഷേധത്തിനു പിന്നാലെ നാമനിർദ്ദേശ പത്രിക നൽകുന്നത് മാറ്റി വച്ചിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എംഎൻഎമ്മും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള ഒരു തിരഞ്ഞെടുപ്പ് കരാറിന്റെ ഭാഗമാണ് കമലഹാസന്റെ സ്ഥാനാർത്ഥിത്വം.തമിഴ്നാട്ടിൽ നിന്ന് ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള മൂന്ന് സ്ഥാനാർത്ഥികളിൽ ഒരാളായി ഡിഎംകെയാണ് കഴിഞ്ഞ ആഴ്ച കമലഹാസനെ പ്രഖ്യാപിച്ചത്.

