റായ്പൂർ : കുട്ടികൾ ഉണ്ടാകാൻ മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സംഭവം . ആനന്ദ് കുമാർ യാദവ് (35) ആണ് മരിച്ചത് . പോസ്റ്റുമോർട്ടത്തിൽ 20 സെൻറീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.
വിവാഹ കഴിഞ്ഞ് അഞ്ചുവർഷമായിട്ടും കുട്ടികൾ ഇല്ലാത്തതിനെ തുടർന്നാണ് മന്ത്രവാദം നടത്തിയത് .കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയാൽ കുട്ടികളുണ്ടാകുമെന്ന് മന്ത്രവാദി വിശ്വസിപ്പിക്കുകയായിരുന്നു. കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് വീട്ടിൽ കുഴഞ്ഞുവീണു . അംബികാപുരിയിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
പോസ്റ്റുമോർട്ടത്തിൽ ശ്വാസനാളത്തിൽ നിന്നും ജീവനുള്ള കോഴിക്കുഞ്ഞിനെ പുറത്തെടുത്തതായി ഡോക്ടർമാർ പറഞ്ഞു. മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ആനന്ദ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്ന് അയൽവാസികൾ വെളിപ്പെടുത്തി.