നാഗർകുർനൂൾ : തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാകുന്നു.
ഇന്ത്യൻ സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ എട്ട് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെളിച്ചക്കുറവ്, വെള്ളം കെട്ടിക്കിടക്കൽ എന്നിവ മൂലം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണെന്നും സൂചനയുണ്ട് . ജലസേചന പദ്ധതിയുടെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് തൊഴിലാളികൾ 30 മണിക്കൂറിലധികമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
മനോജ് കുമാർ, ശ്രീ നിവാസ്, സണ്ണി സിംഗ് , ഗുർപ്രീത് സിംഗ് , സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, അനുജ് സാഹു എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത് . എല്ലാവരും ജാർഖണ്ഡിൽ നിന്നുള്ളവരാണ്. എട്ട് പേരിൽ രണ്ട് പേർ എഞ്ചിനീയർമാരാണ്, രണ്ട് പേർ ഓപ്പറേറ്റർമാരാണ്, നാല് പേർ തൊഴിലാളികളാണ്.
“തുരങ്കത്തിനുള്ളിൽ ചെളി വളരെ ഉയരത്തിൽ കുന്നുകൂടിയതിനാൽ അതിലൂടെ നടക്കാൻ പോലും കഴിയില്ല. രക്ഷാപ്രവർത്തകർ റബ്ബർ ട്യൂബുകളും മരപ്പലകകളും ഉപയോഗിച്ചാണ് തുരങ്കം പരിശോധിച്ചത്, തുരങ്കത്തിനുള്ളിൽ തൊഴിലാളികളുടെ അതിജീവന സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് പ്രവചിക്കാൻ കഴിയില്ല, “- തെലങ്കാന മന്ത്രി ജെ കൃഷ്ണ റാവു പറഞ്ഞു.
ശനിയാഴ്ച രാവിലെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നപ്പോൾ ഏകദേശം 70 പേർ തുരങ്കത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് മന്ത്രി ഉത്തം കുമാർ റെഡ്ഡി പറഞ്ഞു. സംഭവത്തിന് ശേഷം അവരിൽ ഭൂരിഭാഗവും ലോക്കോമോട്ടീവ് ഉപയോഗിച്ച് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാൽ 8 പേർ കുടുങ്ങുകയായിരുന്നു.