ജയ്പൂർ : രാജസ്ഥാനിലെ ജലവാറിൽ പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . 15 ലധികം പേർക്ക് പരിക്കേറ്റു. കുട്ടികൾ രാവിലെ ക്ലാസുകളിൽ എത്തുന്നതിനിടെയാണ് സംഭവം.
പിപ്ലോഡി പ്രൈമറി സ്കൂളിലെ 20 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസും നാട്ടുകാരും ഉദ്യോഗസ്ഥരും ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . 20 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നത് .
പത്ത് കുട്ടികളെ ജലവാറിലേക്ക് റഫർ ചെയ്തിട്ടുണ്ട്, അവരിൽ നാലു പേരുടെ നില ഗുരുതരമാണെന്ന് ജലവാർ പോലീസ് സൂപ്രണ്ട് അമിത് കുമാർ പറഞ്ഞു. 12 നും 14 നും ഇടയിൽ പ്രായമുള്ള ഏഴ് വിദ്യാർത്ഥികളാണ് മരിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു.
“രാജസ്ഥാനിലെ ജലവാറിലെ സ്കൂളിൽ ഉണ്ടായ അപകടം ദാരുണവും അതീവ ദുഃഖകരവുമാണ്. ഈ ദുഷ്കരമായ സമയത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം ഞാനുമുണ്ട് . പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും അധികൃതർ നൽകുന്നു,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും സംഭവത്തിൽ അനുശോചിച്ചു.

