കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് മിരിക്കിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. മിറിക്, കുർസിയോങ് എന്നീ ജില്ലാ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പ് പാലവും തകർന്നു.കുർസിയോങ്ങിനടുത്തുള്ള ദേശീയപാത 110-ന് സമീപം ഹുസൈൻ ഖോളയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി . ഇതോടെ സിലിഗുരിക്കും ഡാർജിലിംഗിനും ഇടയിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
“വടക്കൻ ബംഗാളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ ഡാർജിലിംഗ്, കലിംപോങ്, കുർസിയോങ് എന്നീ മലയോര പ്രദേശങ്ങളെ സാരമായി ബാധിച്ചു, മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം സിലിഗുരി, ടെറായി, ഡൂവാർസ് എന്നിവിടങ്ങളിലെ ആശയവിനിമയവും ഗതാഗത ബന്ധങ്ങളും ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടു,” പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി X-ൽ കുറിച്ചു.
തീരത്തുള്ള ജനവാസ കേന്ദ്രങ്ങൾ ഒഴുക്കിൽ തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഡാർജിലിംഗ്, കലിംപോങ്, കൂച്ച് ബെഹാർ, ജൽപൈഗുരി, അലിപുർദുവാർ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിനാൽ ഈ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ വരെ ഉപ ഹിമാലയൻ പശ്ചിമ ബംഗാളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡാർജിലിംഗിന്റെ അയൽ ജില്ലയായ വടക്കൻ ബംഗാളിലെ അലിപുർദുവാറിൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് ഐഎംഡി ബുള്ളറ്റിനിൽ സൂചിപ്പിച്ചു.മലയോര ജില്ലകളിൽ രാത്രി മുഴുവൻ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന്, അയൽ ജില്ലയായ ജൽപൈഗുരിയിലെ മാൽബസാറിലെ ഒരു വലിയ പ്രദേശം വെള്ളത്തിനടിയിലായി.
ടീസ്റ്റ, മാൽ, മറ്റ് മലയോര നദികളുടെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ ഒഴുകുന്നത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.”പടിഞ്ഞാറൻ ജാർഖണ്ഡിലും അതിനോട് ചേർന്നുള്ള ദക്ഷിണ ബീഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും രൂപം കൊണ്ട ന്യൂനമർദ്ദം വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് ബീഹാറിലേക്ക് നീങ്ങാനും ശനിയാഴ്ച വൈകുന്നേരത്തോടെ ക്രമേണ ദുർബലമാകാനും സാധ്യതയുണ്ട്,” എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

