മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് 17 മരണം . ഇതുവരെ ഒമ്പത് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായും രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിരാർ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന രമാഭായ് അപ്പാർട്ട്മെന്റിന്റെ നാല് നില കെട്ടിടത്തിന്റെ പിൻഭാഗം താഴെയുള്ള ചാലിൽ തകർന്നുവീണത് . വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ ഫയർ ഡിപ്പാർട്ട്മെന്റും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് ടീമുകളും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തുണ്ട്.
മുംബൈയിൽ നിന്നുള്ള ഒരു സംഘവും പാൽഘറിൽ നിന്നുള്ള ഒരു സംഘവും അപകടസ്ഥലത്ത് എത്തിയതായി എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡർ പ്രമോദ് സിംഗ് പറഞ്ഞു. അഗ്നിശമന സേനയും ലോക്കൽ പോലീസും ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ എൻഡിആർഎഫ് ടീമുകൾക്കൊപ്പം സജീവമായി പങ്കെടുക്കുന്നുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു . “ഈ എല്ലാ കുടുംബങ്ങളുടെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, “ എന്നും ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിൽ കുറിച്ചു.തകർന്ന കെട്ടിടത്തിന്റെ നിർമ്മാതാവായ നൈലി സാനെയെ വസായ് വിരാർ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര റീജിയണൽ ടൗൺ പ്ലാനിംഗ് ആക്ട് പ്രകാരം അനധികൃത വികസനത്തിനോ ഭൂമി ഉപയോഗത്തിനോ പിഴ ചുമത്തുന്ന 52, 53, 54 എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം സാനെയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

