ന്യൂഡൽഹി : രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിൽ വ്യാപക പ്രതിഷേധം . കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
‘വോട്ട് ചോരി ‘ ആരോപണം ഉന്നയിച്ചാണ് ഞായറാഴ്ച ‘വോട്ട് ചോർ ഗഡ്ഡി ഛോഡ്’ റാലി നടത്തിയത് . ഇതിൽ ജയ്പൂർ വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മഞ്ജു ലത മീണയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.
പിന്നീട് മാധ്യമപ്രവർത്തകർ ഈ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വോട്ട് മോഷണവുമായി ബന്ധപ്പെട്ട പൊതുജനരോഷം മാത്രമാണ് താൻ പ്രകടിപ്പിക്കുന്നതെന്ന് പറഞ്ഞ് അവർ ഓ കൊലവിളിയെ ന്യായീകരിച്ചു. ‘ മോദി തൊഴിൽ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവയെക്കുറിച്ച് സംസാരിക്കുന്നില്ല. അദ്ദേഹം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു ‘ എന്നും അവർ പറഞ്ഞു.
എന്നാൽ ഈ കൊലവിളിയ്ക്കെതിരെ നിശിതമായ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത് . കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ ആവശ്യപ്പെട്ടു.
“ഇന്നലെ കോൺഗ്രസ് റാലിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ ഉയർത്തിയ മുദ്രാവാക്യം കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ ചിന്താഗതിയുടെയും മാനസികാവസ്ഥയുടെയും തെളിവാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മരണത്തിനായി പ്രാർത്ഥിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്, ഈ അസഭ്യമായ ഭാഷയ്ക്ക്, പ്രതിപക്ഷ നേതാവും ഇവിടെ ഇരിക്കുന്ന സോണിയ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണം ” തിങ്കളാഴ്ച രാജ്യസഭയിൽ സംസാരിക്കവെ നദ്ദ പറഞ്ഞു.
‘ ഖാർഗെയും രാഹുൽ ഗാന്ധിയും പാർലമെന്റിന്റെ ഇരുസഭകളിലും മാപ്പ് പറയണം. പ്രധാനമന്ത്രി മോദിയുടെ ശവക്കുഴി കുഴിക്കാൻ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രഖ്യാപിച്ചത് ഏറ്റവും ദൗർഭാഗ്യകരവും ദാരുണവുമാണ്,” പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
“ഞങ്ങൾ പരസ്പരം വ്യത്യസ്തമായി എതിർക്കുന്നു. ഞങ്ങൾ ഒരിക്കലും പരസ്പരം കൊല്ലുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, അതിനെക്കുറിച്ച് സംസാരിക്കുന്നുമില്ല. ഇത് ഏത് തരത്തിലുള്ള മാനസികാവസ്ഥയാണ്? ചിലർ രാഷ്ട്രീയ എതിരാളികളെ പരസ്യമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതി എന്താണ്?” എന്നും കിരൺ റിജിജു ചോദിച്ചു.
“നമുക്ക് രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ വാക്കുകൾ നിയന്ത്രിക്കണം,” എന്നാണ് കോൺഗ്രസിന്റെ സഖ്യകക്ഷി സമാജ്വാദി പാർട്ടി എംപി രാജീവ് റായ് പറഞ്ഞു. അത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് “ശരിയല്ല” എന്ന് എൻസിപി (എസ്പി) നേതാവ് ജയന്ത് പാട്ടീലും പറഞ്ഞു.

