ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഗുണാജില്ലയിൽ 140 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ 10 വയസുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം . 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾ നിഷ്പ്രഭമാക്കിയാണ് കുട്ടിയുടെ വേർപാട്.
സുമിത് മീന എന്ന ബാലനാണ് കുഴൽക്കിണറിലേയ്ക്ക് വീണത് . ഗുണാ ജില്ലയുടെ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള പിപ്ലിയാ ഗ്രാമത്തിലാണ് സംഭവം. കുഴൽക്കിണറിന്റെ തുറന്നുകിടന്ന ഭാഗത്തുകൂടിയാണ് സുമിത് വീഴുന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെ സമാന്തരമായി കുഴി നിർമ്മിച്ച് സുമിതിനെ പുറത്തെടുത്തെങ്കിലും അബോധാവസ്ഥയിലായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തണുത്ത കാലാവസ്ഥയിൽ രാത്രി മുഴുവൻ ഇടുങ്ങിയ കുഴൽക്കിണറിലായിരുന്നു കുട്ടി. കൈകളും കാലുകളും നനഞ്ഞ് വീർത്ത നിലയിലായിരുന്നു. വായിൽ ചെളിയും കണ്ടെത്തി.140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയിരുന്നതെന്ന് ഗുണ കളക്ടർ സതേന്ദ്ര സിംഗ് പറഞ്ഞു.