ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശനത്തോട് അനുബന്ധിച്ചാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തെ തുടർന്ന് വാഹന യാത്രികർക്ക് ബുദ്ധിമുട്ട് നേരിടാം.
ഇന്ന് നഗരത്തിൽ മുഴുവനായി യാത്രയ്ക്ക് തടസ്സം നേരിടാം. സുരക്ഷയെ കരുതി നഗരത്തിന്റെ പല ഭാഗങ്ങളും പോലീസ് അടച്ചിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് കാരണം. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഫീനിക്സ് പാർക്കിലെ ചെസ്റ്റർഫീൽഡ് അവന്യൂ അടച്ചിടും. പ്രസിഡന്റ് കാതറിൻ കനോലിയെ കാണാൻ സെലൻസ്കി എത്തുന്ന പശ്ചാത്തലത്തിലാണ് ഇത്. കിൽഡെയർ സ്ട്രീറ്റ്, മെറിയോൺ സ്ട്രീറ്റ്, മെറിയോൺ സ്ക്വയർ, ഗവൺമെന്റ് ബിൽഡിംഗ്സ് ഏരിയ എന്നിവിടങ്ങളിൽ രാവിലെ 11 മണി മുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽവരും.
സെന്റ് സ്റ്റീഫൻസ് ഗ്രീൻ സൗത്ത് ആൻഡ് ഈസ്റ്റ്, ലീസൺ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അതേസമയം സെലൻസ്കിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അതീവ സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

