ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഇടത് പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ ‘ രാജിക്കത്ത്’ വീഡിയോ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ആണ് കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിക്കുന്നത്. അതേസമയം എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഡീപ്പ് ഫേക്ക് വീഡിയോ ആണ് ഇതെന്ന് ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലാണ് പിന്മാറ്റത്തെക്കുറിച്ചുള്ള വ്യാജ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് അതിവേഗം പ്രചരിക്കുകയായിരുന്നു. ഇത് വോട്ടർമാർക്കിടയിൽ വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. പിന്നാലെ വലിയ രാഷ്ട്രീയ കോലാഹലത്തിനും കാരണമായി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ കനോലിയുടെ പ്രചാരണ വിഭാഗം നടപടി സ്വീകരിച്ചു. പ്രചാരണത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കുകയായിരുന്നു.

