ഗാസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൈമണ്‍ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ എഴുതിയ കത്ത് പുറത്ത് . ഒക്ടോബര്‍ 7 മുതല്‍ തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കാന് ഹമാസ് തയ്യാറാകണമെന്നും വിദേശകാര്യമന്ത്രിമാര്‍ പുറത്തിറക്കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.
ആളുകളെ പട്ടിണിക്കിട്ട് കൊല്ലുകയും, സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ പ്രവൃത്തിയെ അപലപിച്ചാണ് കത്ത് . ആഗോള മനുഷ്യാവകാശ നിയമങ്ങളനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഐറിഷ് വിദേശകാര്യമന്ത്രിയായ സൈമണ്‍ ഹാരിസിന് പുറമെ ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഐസ്ലാൻഡ്, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്
800-ലധികം പലസ്തീന്‍കാര്‍ സഹായം കാത്തു നില്ക്കവേ കൊല്ലപ്പെട്ടു . അടിസ്ഥാന മാനുഷിക പരിഗണന പോലും ഇസ്രായേല്‍ നല്കാന് തയ്യാറാകുന്നില്ല എന്നത് തീര്‍ത്തും അസ്വീകാര്യമാണെന്നും കത്ത് വ്യക്തമാക്കി. പലസ്തീനെ രണ്ടാക്കി ഭാഗിക്കണമെന്നാവശ്യപ്പെടുന്ന ഇസ്രായേലിന്റെ E1 കരാര്‍ നിര്‍ദ്ദേശത്തെയും മന്ത്രിമാര്‍ വിമര്‍ശിച്ചു. പലസ്തീനികളെ ഇത്തരത്തില്‍ ബലമായി മറ്റൊരിടത്തേയ്ക്ക് മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

