ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണമേകുന്ന പ്രഖ്യാപനങ്ങളുമായി ഐറിഷ് സർക്കാരിന്റെ ബജറ്റ്. നികുതിയിൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ആയിരുന്നു ചൊവ്വാഴ്ച പാർലമെന്റിൽ ധനമന്ത്രി പാസ്കൽ ഡൊണഹൊ നടത്തിയത്. അയർലൻഡിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം 3.3 ശതമാനവും, അടുത്ത വർഷം 2.3 ശതമാനവും വളർച്ച കൈവരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ബജറ്റ് അവതരണ വേളയിൽ പങ്കുവച്ചു.
അടുത്ത വർഷം മുതൽ ദേശീയ കുറഞ്ഞ വേതനം മണിക്കൂറിന് 14.15 യൂറോ ആക്കി വർധിപ്പിക്കും. 65 സെന്റിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. അപ്പാർട്ട്മെന്റുകളുടെ വാറ്റ് 13.5 ശതമാനത്തിൽ നിന്നും 9 ശതമാനം ആയി കുറയ്ക്കും. റെന്റ് ടാക്സ് ക്രെഡിറ്റ് 2028 വരെ തുടരുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. മോർട്ട്ഗേജ് പലിശ നികുതി ഇളവ് രണ്ട് വർഷത്തേയ്ക്ക് കൂടി തുടരും. അവസാന വർഷം മൂല്യം കുറയും.
ഭക്ഷണശാല, കാറ്ററിംഗ്, ഹെയർഡ്രെസിംഗ് മേഖലകളിൽ വാറ്റ് 9 ശതമാനം ആക്കി കുറച്ചു. ഇന്ധന അലവൻസിൽ 6 യൂറോ വർധിപ്പിക്കും. വിദ്യാർത്ഥികളുടെ കോളേജ് ഫീസിൽ 500 യൂറോ കുറവ് ഉണ്ടാകും.

