ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ തീരത്ത് പാറകളിൽ കുടുങ്ങിയ പാഡിൽ ബോർഡർമാരെ രക്ഷിച്ചു. ആറ് പേരാണ് പാറകളിൽ കുടുങ്ങിക്കിടന്നത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പടിഞ്ഞാറൻ ഡൊണഗൽ തീരത്തുള്ള ആൻ ടോയ്ലിയൻ ലീതൻ, ആൻ ക്ലോച്ച് ഘ്ലാസ് എന്നിവിടങ്ങളിൽ പാഡിൽ ബോർഡിംഗ് നടത്തുകയായിരുന്നു ആറംഗ സംഘം. ഇതിനിടെ ശക്തമായ കാറ്റ് വീശി. കാറ്റിന്റെ ശക്തിയിൽ ഇവർ വെളളത്തിലേക്ക് വീണു. തുടർന്ന് പാറക്കെട്ടുകളിലേക്ക് നീന്തിക്കയറുകയായിരുന്നു. പിന്നീട് മാലിൻ ഹെഡിലുള്ള മറൈൻ റെസ്ക്യൂ കോർഡിനേഷൻ സെന്ററുമായി ബന്ധപ്പെട്ടു. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

