ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്കയേർപ്പെടുത്തിയ താരിഫ് അയർലന്റിന്റെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുമെന്ന് ആവർത്തിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അയർലന്റിന്റെ സമ്പദ്വ്യവസ്ഥ വളരും. തൊഴിലവസരങ്ങൾ കൂടും. പക്ഷെ ഇത് രണ്ടും കുറഞ്ഞ നിരക്കിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ഗവൺമെന്റ് ബിൽഡിംഗിൽ നടന്ന ട്രേഡ് ഫോറത്തിന്റെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഎസും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു കരാറില്ലായിരുന്നുവെങ്കിൽ പ്രസിഡന്റ് ട്രംപ് യൂറോപ്യൻ യൂണിയന് മേൽ 30ശതമാനം താരിഫ് ഏർപ്പെടുത്തുമായിരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ യൂറോപ്യൻ യൂണിയൻ ഏകദേശം 90 ബില്യൺ യൂറോയുടെ വളരെ പ്രധാനപ്പെട്ട പ്രതി നടപടികളും സ്വീകരിക്കുമായിരുന്നു. ഇതെല്ലാം അയർലന്റിനെ വലിയ രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

