ഡബ്ലിൻ: വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ സിഇഒ ഷൗ സി ച്യൂവുമായി കൂടിക്കാഴ്ച നടത്തി താനൈസ്റ്റ് സൈമൺ ഹാരിസ്. ഓഫീസ് സന്ദർശനത്തിന്റെ ഭാഗമായി ച്യു ഇന്നലെ അയർലന്റിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു ഹാരിസ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
സർക്കാർ വക്താവാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ഹാരിസിനൊപ്പം ഐഡിഎ അയർലന്റ് പ്രതിനിധികളും കൂടിക്കാഴ്ചയ്ക്കായി ഒപ്പമുണ്ടായിരുന്നു. അയർലന്റിനോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഡാറ്റ സെന്ററുകൾ, ഓൺലൈൻ സുരക്ഷ, ഇയു ഡിജിറ്റൽ റെഗുലേഷൻ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. അതേസമയം ഉപഭോക്തൃ വിവരം ചോർത്തി നൽകിയതിന് ടിക് ടോക്കിന് ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.