ഡബ്ലിൻ: തീരം വഴിയുള്ള ലഹരിക്കടത്ത് തടയാൻ ഐറിഷ് റവന്യൂ കസ്റ്റംസിന് കൂട്ടായി പുതിയ കപ്പൽ. ആർസിസി കോസെയ്ന്റ് ഐറിഷ് തീരത്തെത്തി. ഈ മാസം മൂന്നിനാണ് കപ്പൽ കോർക്കിൽ എത്തിയത്. നിലവിൽ കപ്പലിലെ ക്രൂ അംഗങ്ങൾക്ക് പരിശീലനം നൽകിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
സ്പെയിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓക്സ് നേവലാണ് കപ്പലിന്റെ നിർമ്മാതാക്കൾ. 9 മില്യൺ യൂറോ ചിലവിട്ടാണ് ആർസിസി കോസെയ്ന്റ് നിർമ്മിച്ചത്. ഐറിഷ് സർക്കാരും യൂറോപ്യൻ ആന്റി ഫ്രോഡ് ഓഫീസ് ആയ ഒലാഫും ചേർന്നാണ് നിർമ്മാണത്തിന്റെ ചിലവ് വഹിച്ചിരിക്കുന്നത്. ഇരട്ട എൻജിൻ കപ്പലായ ഇതിന് 750 നോട്ടിക്കൽ മൈൽവരെ റേഞ്ചും 18 നോട്ട്വരെ വേഗവും ഉണ്ട്. നിലവിൽ ആർസിസി സർവ്വേയർ, ആർസിസി ഫെയർ എന്നീ കപ്പലുകളാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി റവന്യൂവകുപ്പ് ഉപയോഗിക്കുന്നത്.

