ഡബ്ലിൻ : സ്ഥാനമൊഴിയുന്ന ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിലവിൽ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം . അണുബാധ ഗൗരവമുള്ളതല്ലെങ്കിലും ചികിത്സയ്ക്കായി അദ്ദേഹം ആശുപത്രിയിൽ തുടരും.
നവംബർ 11 ന് ഡബ്ലിൻ കാസിലിൽ കാതറിൻ കൊനോലിയുടെ സത്യപ്രതിജ്ഞ വരെ പ്രസിഡന്റ് ഹിഗ്ഗിൻസ് സ്ഥാനത്ത് തുടരും.കഴിഞ്ഞ വർഷം, രക്തസമ്മർദ്ദത്തിന് ചികിത്സ തേടി ഹിഗ്ഗിൻസ് സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയിരുന്നു.
നിയുക്ത പ്രസിഡന്റ് കാതറിൻ കൊനോലിയെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഹിഗ്ഗിൻസ് അഭിനന്ദിച്ചിരുന്നു. സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കാതറിൻ കൊനോലിയ്ക്ക് തന്റെ ഓഫീസിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് ഹിഗ്ഗിൻസ് അറിയിച്ചിട്ടുണ്ട്.

