ഡബ്ലിൻ: കൗമാരക്കാരനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാരൻ കുറ്റക്കാരനെന്ന് കോടതി. പിയേഴ്സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൊർകാൻ മർഫിയെ ആണ് കോടതി കുറ്റക്കാരനെന്ന് നിരീക്ഷിച്ചത്. നവംബറിൽ ഇയാൾക്ക് ശിക്ഷ വിധിക്കും.
2021 ൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ കോടതി നടപടി. 17 കാരനെ ആയിരുന്നു മർഫി മർദ്ദിച്ചത്. കൊറോണ നിയന്ത്രണം ലംഘിച്ച് 17 കാരനും കൂട്ടുകാരും എസെക്സ് സ്ട്രീറ്റിൽ സംഘം ചേർന്നിരുന്നു. ഇത് മർഫിയും മറ്റൊരു പോലീസുകാരനും ചോദ്യം ചെയ്തു. എന്നാൽ 17 കാരൻ സഹകരിച്ചില്ല. ഇതോടെ 17 കാരനെ മർഫി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ 17 കാരൻ സ്വന്തം തല തറയിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. അഞ്ച് ദിവസത്തെ ചികിത്സ കഴിഞ്ഞെത്തിയ കുട്ടിയെ മർഫി പോലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചു. ഇതാണ് നിയമനടപടിയ്ക്ക് കാരണം ആയത്.

