കൊച്ചി ; പ്രശസ്ത നടനും , മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. കരൾ രോഗത്തിന് ചികിത്സയിലിരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.സംസ്ക്കാരം ഇന്ന് വൈകിട്ട് വീട്ടു വളപ്പിൽ. ഇന്ന് രാവിലെ 9 മണി മുതൽ പറവൂർ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും .മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.സുനിതയാണ് ഭാര്യ , നടൻ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
മലയാളികളെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത നിരവധി വേഷങ്ങൾ ചെയ്താണ് സലിം കുമാർ വിട വാങ്ങുന്നത്.എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 2000 ത്തിൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്നാണ് തെങ്കാശിപ്പട്ടണത്തിലേയ്ക്ക് എത്തുന്നത് . തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാർ മലയാളസിനിമയിലെ അവിഭാജ്യ ഘടകമായി മാറി. മായാവി, കല്യാണരാമൻ , ചതിക്കാത്ത ചന്തു എന്നീ ചിത്രങ്ങളിലൂടെ ചിരിയിപ്പിക്കുകയും, അച്ഛനുറങ്ങാത്ത വീട് , ആദാമിന്റെ മകൻ എന്നീ ചിത്രങ്ങളിലൂടെ കരയിപ്പിക്കുകയും ചെയ്തു സലിം കുമാർ.
ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ , സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി. അച്ഛുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.അയാളും , ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാനപുരസ്ക്കാരം സ്വന്തമാക്കി.കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്ക്കാരവും സ്വന്തമാക്കി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും കരസ്ഥമാക്കി.
എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും, കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം . മാല്യങ്കര എസ് എൻ എം കോളേജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം . സിനിമാ നടൻ ആകണം എന്ന മോഹം സഫലമാക്കാനായാണ് ഡിഗ്രിക്ക് മഹാരാജാസ് കോളേജിൽ ചേർന്നത് . കൊച്ചിൽ കലാഭവൻ, സാഗർ എന്നീ ട്രൂപ്പുകളിലൂടെയാണ് വേദികളിൽ സജീവമായത്.പ്രണയിനിയായ സുനിതയുമായുള്ള വിവാഹം 1996 സെപ്റ്റംബർ 14 നായിരുന്നു. വിവാഹപ്പിറ്റേന്നായിരുന്നു സലിം കുമാർ ആദ്യമായി സിനിമാനടനായത് , ചിത്രം ‘ഇഷ്ടമാണ് നൂറുവട്ടം’ .

