ശ്രീനഗർ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി മേഖലയിൽ പതാക സ്ഥാപിച്ച് പാക് സൈന്യം. പർഗാനയിലെ പാക് പോസ്റ്റിലാണ് സൈന്യം വീണ്ടും പാക് പതാക സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ തിരിച്ചടിയാണ് ഇന്ത്യയിൽ നിന്നും പാക് സൈന്യം പ്രതീക്ഷിക്കുന്നത്. ഇതിനിടെ രണ്ട് ദിവസം മുൻപ് പർഗാനയിലെ സൈനിക പോസ്റ്റിൽ നിന്നും പാക് പതാക പിൻവലിക്കുകയായിരുന്നു. പർഗാനയ്ക്ക് പുറമേ അതിർത്തി മേഖലയിലെ മറ്റ് സൈനിക പോസ്റ്റുകളിൽ നിന്നും പതാക എടുത്തുമാറ്റിയിരുന്നു.
ഇതോടെ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക് സൈന്യം പോസ്റ്റ് ഒഴിഞ്ഞതായി വാർത്തകൾ പുറത്തുവന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വീണ്ടും പാക് പതാക പോസ്റ്റിൽ ഉയർന്നിരിക്കുന്നത്. പാക് റേഞ്ചേഴ്സിനാണ് പർഗാനയിലെ സൈനിക പോസ്റ്റിന്റെ ചുമതലയുള്ളത്.

