ഡബ്ലിൻ: ഫ്രീഡം ഓഫ് സിറ്റി പുരസ്കാരം ഏറ്റുവാങ്ങി അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ. ഇന്നലെ ഡബ്ലിനിൽ നടന്ന പ്രത്യേക ചടങ്ങിൽ ആയിരുന്നു ലോർഡ് മേയർ റേയ് മക്ആഡം ബഹുമതി സമ്മാനിച്ചത്. രാഷ്ട്രീയ വ്യക്തി ജീവിതത്തിലെ നേട്ടങ്ങളാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.
ബറാക് ഒബാമയ്ക്ക് പുരസ്കാരം നൽകാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ ബഹുമതിയാണെന്ന് റേയ് മക്ആഡം പറഞ്ഞു. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് ലഭിക്കുന്ന ആദരവ് മാത്രമല്ല പുരസ്കാരം. മറിച്ച് ജനാധിപത്യം, തുല്യത, സാമൂഹിക ശക്തി എന്നിവയ്ക്കായുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾക്കുള്ള ആദരം കൂടിയാണെന്നും മക്ആഡം പറഞ്ഞു.
ഡബ്ലിനിലെ ഏറ്റവും ഉയർന്ന പൗര ബഹുമതിയാണ് ഫ്രീഡം ഓഫ് ദി സിറ്റി, ലോകത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കും ഡബ്ലിനിലെ ജനങ്ങൾ വിലമതിക്കുന്ന മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഇത്.

