ഡബ്ലിന് : ഗാസയിലേയ്ക്ക് സഹായവുമായി പുറപ്പെട്ട കപ്പൽ സംഘത്തിൽ ഉൾപ്പെട്ട ഐറിഷ് പ്രസിഡന്റിന്റെ സഹോദരിയെ അടക്കം ഇസ്രായേൽ സൈന്യം തടഞ്ഞ സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ. ഐറിഷ് പൗരന്മാരെ കസ്റ്റഡിയിലെടുത്തത് തെറ്റും, അസ്വീകാര്യവുമായ നടപടിയാണെന്നാണ് താവോയിസച്ച് മൈക്കൽ മാർട്ടിൻ പറഞ്ഞത്.
ഗാസയിലേയ്ക്കുള്ള സഹായ കപ്പലിനെതിരെയുള്ള ഇസ്രായേലിന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഗാസയിലെ മാനുഷിക പ്രശ്നം ഉയർത്തിക്കാട്ടുന്നതിനുള്ള ദൗത്യത്തിൽ പ്രതിഷേധിക്കാനും പങ്കെടുക്കാനും ആളുകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആളുകളുടെ വാക്കുകൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് തങ്ങൾക്ക് മനസിലായെന്നാണ് ടാനൈസ്റ്റ് സൈമൺ ഹാരിസ് പറയുന്നത് . തന്റെ ചിന്തകൾ പ്രസിഡന്റിനോടും തടങ്കലിൽ കഴിയുന്ന പ്രിയപ്പെട്ടവരുടെ കുടുംബങ്ങളോടും ഒപ്പം ആണെന്ന് സൈമൺ ഹാരിസ് പറഞ്ഞു.അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണിത് , ലോകരാജ്യങ്ങളുടെ വാക്കുകൾ ഇസ്രായേൽ അവഗണിക്കുകയാണെന്നും സൈമൺ ഹാരിസ് പറഞ്ഞു.
കാതറിൻ കൊനോലിയുടെ സഹോദരി മാർഗ്രറ്റ് കൊനോലി അടക്കം ആറോളം ഐറിഷ് പൗരന്മാരെയാണ് ഇസ്രായേൽ സൈന്യം തടഞ്ഞത്.

