ഡബ്ലിൻ: ഏഷ്യൻ ഹോർനെറ്റുകളുടെ ( ഏഷ്യൻ കടന്നലുകൾ ) കൂട് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ആശങ്കവേണ്ടെന്ന് വ്യക്തമാക്കി ഏഷ്യൻ ഹോർനെറ്റ് മാനേജ്മെന്റ് ഗ്രൂപ്പ്. രാജ്യത്ത് ഒരിടത്ത് മാത്രമാണ് കടന്നലുകളുടെ കൂട് കണ്ടെത്താൻ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഗ്രൂപ്പ് ചെയർമാൻ ഐൻലെ നി ബ്രയാൻ പറഞ്ഞു.
കഴിഞ്ഞ മാസമാണ് രാജ്യത്ത് ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് കണ്ടെത്തിയത്. എന്നാൽ ഇതിന് ശേഷം മറ്റൊരു കൂട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോർക്കിലായിരുന്നു കടന്നൽ കൂട് കണ്ടെത്തിയത്. പിന്നീടുള്ള ദിവസങ്ങളിൽ കടന്നലുകളുടെ വ്യാപനം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചു.
കൂടുതൽ കൂടുകൾക്കായുള്ള പരിശോധന തുടരുകയാണ്. എന്നാൽ ഇതുവരെ കൂടുതൽ കടന്നലുകൾക്കായുള്ള തെളിവുകളോ കൂടോ കണ്ടെത്തിയിട്ടില്ലെന്നും ബ്രയാൻ കൂട്ടിച്ചേർത്തു.

