ഡബ്ലിൻ: മൗണ്ട്ജോയ് ജയിലിൽ കഴിയുന്ന തടവുകാരുടെ കുടുംബങ്ങൾക്ക് ഇനി സെല്ലുകളിലേക്ക് നേരിട്ട് ഫോൺ വിളിക്കാം. പുതിയ പദ്ധതി ജയിലിൽ തിങ്കളാഴ്ച മുതൽ നടപ്പിലാക്കി തുടങ്ങും. ഇതിന്റെ ഭാഗമായി സെല്ലുകളിൽ ടെലിഫോണുകൾ സ്ഥാപിക്കും. കാമ്പസിലെ വനിതാ ജയിലായ ഡോച്ചസ് സെന്ററിലും സമാന പദ്ധതി നടപ്പിലാക്കുന്നുണ്ട്.
മൂന്ന് മാസത്തേയ്ക്കാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഈ കാലയളവിൽ ഇൻബൗണ്ട് ടെലിഫോൺ സംവിധാനം ഏർപ്പെടുത്തും. ലിറ്റ് ചെയ്തിരിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമാണ് തടവുകാരുമായി സംസാരിക്കാൻ കഴിയുക. രാവിലെ ഏഴര മുതൽ രാത്രി 11 മണിവരെ തടവുകാരുടെ സെല്ലിലേക്ക് നേരിട്ട് ഫോൺ ചെയ്യാം. അതേസമയം പുതിയ പദ്ധതിയ്ക്കെതിരെ ഐറിഷ് പ്രിസൺ സർവ്വീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പദ്ധതി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

