തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തിൽ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ . അർഹതയുള്ള പെൺകുട്ടികൾക്ക് പ്രതിമാസം ₹1,000 നൽകുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികളും നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് . ഇതിന്റെ ഭാഗമായാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പെൺകുട്ടികൾക്കായി സാമ്പത്തിക സഹായ പദ്ധതി അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് നാല് വർഷത്തെ ബിരുദ പരിപാടി നടപ്പിലാക്കുന്നതിലെ പോരായ്മകൾ ഉണ്ടെന്നും‘ അദ്ദേഹം പറഞ്ഞു. മതിയായ തയ്യാറെടുപ്പില്ലാതെ പദ്ധതി നടപ്പിലാക്കിയതായും ഇത് സർവകലാശാലകൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ ആശങ്കകൾ കണക്കിലെടുത്ത്, നാല് വർഷത്തെ ബിരുദ പരിപാടി പരിശോധിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കും. .കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ച് കോഴ്സ് ഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

