ഡബ്ലിൻ: വ്യക്തികൾ തമ്മിലുള്ള മൊബൈൽ പേയ്മെന്റ് സേവനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബാങ്കുകൾ. എഐബി, ബാങ്ക് ഓഫ് അയർലൻഡ്, പിടിഎസ്ബി എന്നീ ബാങ്കുകൾ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ റെവല്യൂട്ട്, എൻ 26 എന്നീ ബാങ്കുകൾ വ്യക്തികൾ തമ്മിലുള്ള ഓൺലൈൻ പേയ്മെന്റ് ഇടപാട് സേവനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
സിപ്പേയ് ( Zippay) എന്നാണ് വ്യക്തികൾ തമ്മിലുള്ള പണമിടപാടിന് നൽകുന്ന പേര്. മൂന്ന് ബാങ്കുകളുടെയും ഓൺലൈൻ ബാങ്കിംഗ് ആപ്പുവഴി ഈ സേവനം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. പണം അയക്കുന്നതിന് പുറമേ പണം ആവശ്യപ്പെടാനും (റിക്വസ്റ്റ്), സ്പ്ലിറ്റ് പേയ്മെന്റ് രീതിയ്ക്കും സിപ്പേയ് പ്രയോജനപ്പെടുത്താം. പുതിയ സേവനം വരുന്നതോട് കൂടി മൂന്ന് ബാങ്കുകളിലെയും 5 മില്യൺ ആളുകൾക്കാണ് പ്രയോജനം ലഭിക്കുക.

