ഡബ്ലിൻ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എക്സിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. പുതിയ കരാർ സംരംഭകർക്കും നിക്ഷേപകർക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെയായിരുന്നു വ്യാപര കരാർ സംബന്ധിച്ച് അമേരിക്കയും യൂറോപ്യൻ കമ്മീഷനും കരാറിൽ ഏർപ്പെട്ടത്.
യൂറോപ്യൻ കമ്മീഷനും അമേരിക്കയും തമ്മിൽ നടന്ന ചർച്ചയ്ക്ക് ശേഷം കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അയർലന്റും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിന് കൂടുതൽ സുതാര്യത ഉറപ്പാക്കാൻ ഈ കരാറിന് കഴിയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കരാറാണ് ഇത്. സംരംഭകർ, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവർക്ക് ഇത് ഗുണം ചെയ്യും. അയർലന്റിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

