ഡബ്ലിൻ: മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ സംരക്ഷണത്തിനായി പോയവർഷം നിരവധി നടപടികൾ സ്വീകരിച്ചതായി മെന്റൽ ഹെൽത്ത് കമ്മീഷൻ. വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന 20 കേന്ദ്രങ്ങളിലെ രോഗികൾക്കും മാനസിക ബുദ്ധിമുട്ട് നേരിടുന്ന മറ്റുളളവർക്കുമായി 31 നടപടികൾ സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. അതേസമയം എച്ച്എസ്ഇയുടെ പ്രവർത്തനങ്ങളുടെ പോരായ്മയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കഴിഞ്ഞ വർഷം മാനസിക കേന്ദ്രങ്ങളുടെ ചട്ടലംഘനം സംബന്ധിച്ച് 366 പരാതികൾ ലഭിച്ചു. ആറ് കേന്ദ്രങ്ങൾ മാത്രമാണ് പൂർണമായും ചട്ടങ്ങൾ പാലിച്ച് പ്രവർത്തിച്ചത്. എയ്ഡൻസ് റെസിഡൻഷ്യൽ ഹെൽത്ത് കെയർ യൂണിറ്റ്, ആഷ്ലിൻ സെന്റർ, കാരൈഗ് മോർ സെന്റർ, ഗ്രാൻജ്മോർ വാർഡ്, സെന്റ് ഒട്ടെറൻസ് ഹോസ്പിറ്റൽ, സെന്റ് പാട്രിക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

