ഡബ്ലിൻ: വിക്കോ ബാത്ത്സിലേക്ക് പ്രവേശിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ച്
ഡൺ ലാവോഹെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് നിരവധി പേർ ഇപ്പോഴും ഇവിടെ നീന്താനെത്തുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതേ തുടർന്നാണ് പ്രധാന നീന്തൽ കേന്ദ്രമായ ഇവിടേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
ഹോക്ക് ക്ലിഫിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആളുകളുടെ പ്രവേശനം തടയാനായി സുരക്ഷാ വേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് തകർത്ത് ആളുകൾ അകത്തുകയറുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കുന്നതുവരെ ഇവിടേയ്ക്ക് പ്രവേശിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. നിർമ്മാണത്തിനിടെ ഇവിടെ നീന്തുന്നത് അതീവ അപകടകരമാണെന്നും കൗൺസിൽ ഓർമ്മിപ്പിച്ചു.

