ഡബ്ലിൻ: ദീപ ദിനമണി (38)യുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ ദു:ഖത്തിൽ നിന്നും ഇനിയും മോചിതരാകാതെ കുടുംബം. ദീപയുടെ കൊലപാതകം കുടുംബത്തിനുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് സഹോദരൻ ഉല്ലാസ് കോടതിയിൽ പറഞ്ഞു. 2023 ജൂലൈ 14 ന് ആയിരുന്നു ദീപ ദിനമണിയെ ഭർത്താവ് റെജിൻ രാജൻ കുത്തിക്കൊലപ്പെടുത്തിയത്.
കേസിൽ റെജിൻ രാജിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിപ്രസ്താവന ഹിയറിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിലായിരുന്നു ദീപയുടെ കൊലപാതകം ഉണ്ടാക്കിയ ദു:ഖത്തിൽ നിന്നും തങ്ങൾ മോചിതരായിട്ടില്ലെന്ന് ഉല്ലാസ് വ്യക്തമാക്കിയത്. കേസിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് റെജിൻ രാജിന് സെൻട്രൽ ക്രിമിനൽ കോടതി വിധിച്ചത്.
തന്റെ സഹോദരിമാത്രമല്ല, മറിച്ച് നല്ല സുഹൃത്ത് കൂടിയായിരുന്നു ദീപയെന്ന് ഉല്ലാസ് കോടതിയിൽ പറഞ്ഞു. അപ്രതീക്ഷിത സംഭവം രക്ഷിതാക്കളെ തകർത്തു. അവളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം തോന്നുന്നു. ദീപയുടെ ഒർമ്മകൾ ഇപ്പോഴും വേട്ടയാടുകയാണെന്നും ഉല്ലാസ് കോടതിയിൽ വ്യക്തമാക്കി.

