ലിമെറിക്ക്: ലിമെറിക്കിനെയും ഫോയ്നസ് തുറമുഖത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽപാത തുറന്നു. പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണയോട്ടം നടത്തുന്നതിന് വേണ്ടിയാണ് പാത തുറന്നത്. അതേസമയം 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റെയിൽപാത തുറക്കുന്നത്. 2001 ൽ ആയിരുന്നു പാത അടച്ചുപൂട്ടിയത്. 42 കിലോ മീറ്ററാണ് പാതയുടെ നീളം.
കഴിഞ്ഞ വാരാന്ത്യത്തിലാണ് ഐറിഷ് റെയിൽ പരീക്ഷണയോട്ടം നടത്തിയത്. രണ്ട് കോച്ചുകളുള്ള ട്രെയിൻ ഉപയോഗിച്ച് ആയിരുന്നു പരീക്ഷണയോട്ടം. സിഗ്നലിങ് സംവിധാനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, റെയിൽവേ ലെവൽ ക്രോസിങ്ങുകൾ എന്നിവയുടെ പ്രവർത്തനക്ഷമതയും സുരക്ഷയും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ചുഴലിക്കാറ്റുകളുടെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥയ്ക്കിടെയായിരുന്നു പരീക്ഷണയോട്ടം സംഘടിപ്പിച്ചത് എന്ന് ശ്രദ്ധേയമാണ്. എന്നാൽ ഇത് വിജയകരമായി പൂർത്തിയാകുകയായിരുന്നു.

