ഡബ്ലിൻ: സൈക്ലിംഗിനോടുള്ള ഐറിഷ് ജനതയുടെ വിമുഖതയ്ക്ക് കാരണം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ എന്ന് സർവ്വേ. ട്രാഫിക്, അപകടകരമായ ഡ്രൈവിംഗ്, സൈക്കിൾ ഓടിക്കാനുള്ള ആത്മവിശ്വാസക്കുറവ്, സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകളിലെ കുറവ് എന്നിവയാണ് സൈക്കിൾ ഓടിക്കുന്നതിൽ നിന്നും ആളുകളെ പിൻതിരിപ്പിക്കുന്നത് എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. സുരക്ഷ സംബന്ധിച്ച ആശങ്കയെ തുടർന്ന് പ്രായപൂർത്തിയായ 82 ശതമാനം പേർ സൈക്കിൾ യാത്രയിൽ നിന്നും ബോധപൂർവ്വം വിട്ടുനിൽക്കുന്നുവെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദേശീയ തലത്തിൽ 1648 പേരിലായിരുന്നു സർവ്വേ. റെഡ്ക്ലിക്ക് എന്ന കമ്പനിയ്ക്ക് വേണ്ടി പോളിംഗ് കമ്പനിയായ അയർലന്റ് തിങ്ക്സ് ആണ് സർവ്വേ നടത്തിയത്. തിരഞ്ഞെടുത്തവരിൽ ഭൂരിഭാഗം പേരും സൈക്കിൾ ഓടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. അതേസമയം 13 ശതമാനം പേർ ആഴ്ചതോറും സൈക്കളിൽ ചവിട്ടുന്നുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലന്റിൽ ആഴ്ചയിൽ സൈക്കിൾ ചവിട്ടുന്നവരുടെ എണ്ണം വളരെ കുറവാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് സുരക്ഷയിൽ കൂടുതൽ ആശങ്കയുള്ളത്. 62 ശതമാനം സ്ത്രീകളാണ് സൈക്കിൾ ഉപയോഗിക്കുമ്പോൾ അവർക്കുണ്ടാകുന്ന സുരക്ഷാ ആശങ്ക പങ്കുവച്ചത്. അതേസമയം 49 ആണ് പുരുഷന്മാരുടെ ശതമാനം.

