ഡബ്ലിൻ: അയർലന്റിൽ കാറുകൾ നിരത്തിലിറക്കാൻ ഡ്രൈവർമാർക്ക് ചിലവാകുന്നത് വലിയ തുക. ഇന്ധനം നിറയ്ക്കൽ മുതൽ പാർക്കിംഗ് ഫീയുൾപ്പെടെയുള്ള ചിലവുകൾക്കായി ഇവർക്ക് ശരാശരി 10,373 യൂറോ ആണ് ചിലവിടേണ്ടിവരുന്നത്. രാജ്യത്തെ പ്രമുഖ ഇൻഷൂറൻസ് കമ്പനിയുടെ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
ജനപ്രിയ വാഹനമായ ഹ്യൂണ്ടായി ട്യൂസണിനെ മാനദണ്ഡമായി ഉപയോഗിച്ചുകൊണ്ടായിരുന്നു പഠനം. കാറുകൾ നിരത്തിലിറക്കാൻ പ്രതിമാസം ഏകദേശം 864 യൂറോ ആണ് ആളുകൾക്ക് വേണ്ടിവരുന്നതെന്നാണ് പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. അതായത് ഒരു ദിവസം ശരാശരി 28 യൂറോ. ഈ വർഷം ജൂലൈയിലെ പെട്രോൾ വില പരിശോധിക്കുമ്പോൾ 100 കിലോ മീറ്റർ സഞ്ചരിക്കാൻ 10.40 യൂറോ ചിലവഴിക്കേണ്ടിവരുന്നു. 100 കിലോമീറ്റർ സഞ്ചരിക്കാൻ ഡീസലിന് വേണ്ടിയാകട്ടെ കാറുടമകൾക്ക് 8.60 യൂറോ ആണ് ചിലവാക്കേണ്ടിവരുന്നത്.
കാറിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രതിവർഷം 736 യൂറോ കാറുടമകൾക്ക് ചിലവാക്കേണ്ടിവരുന്നുണ്ട്. ഇൻഷൂറൻസാണ് വാഹനമുടമകളിൽ സാമ്പത്തികഭാരം ഉണ്ടാക്കുന്ന മറ്റൊന്ന്. 616 യൂറോ ആണ് ഇൻഷൂറൻസ് ചിലവ്. 1.20 യൂറോ മുതൽ 5 യൂറോ വരെയാണ് പാർക്കിംഗിനായി ഈടാക്കുന്നത്. ഒരു വർഷം ഡ്രൈവർമാർക്ക് ശരാശരി 156 മണിക്കൂറാണ് പാർക്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടിവരുന്നത്. ഇതിനായി 484 യൂറോ ചിലവാക്കേണ്ടിവരുന്നു.

