ഡബ്ലിൻ: മദ്യത്തിന് അധിക എക്സൈസ് തീരുവ നൽകി ഐറിഷ് ജനത. ജർമ്മൻകാരെ അപേക്ഷിച്ച് ഐറിഷ് ഉപഭോക്താക്കൾ ബിയറിന് 11 മടങ്ങ് അധിക തീരുവ നൽകുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. ഫ്രഞ്ചുകാരെ അപേക്ഷിച്ച് വൈനിന് ഐറിഷ് ഉപഭോക്താക്കൾ 80 മടങ്ങ് അധിക തീരുവയും നൽകുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ ശരാശരി മദ്യ ഉപഭോഗ നിരക്ക് താഴ്ന്നിരിക്കെയാണ് ഐറിഷ് ഉപഭോക്താക്കൾക്ക് മദ്യത്തിന് ഉയർന്ന എക്സൈസ് ഡ്യൂട്ടി നൽകേണ്ടിവരുന്നത് എന്നത് ശ്രദ്ധേയമാണ്.
ബിയർ, വൈൻ, സ്പിരിറ്റ് എന്നിവയുടെ എക്സൈസ് തീരുവയിൽ രണ്ടാം സ്ഥാനമാണ് അയർലൻഡിന് ഉള്ളത്. ഫിൻലൻഡിനാണ് ഒന്നാംസ്ഥാനം. ഇനി ഓരോന്നായി പരിശോധിച്ചാൽ വൈനിന് ഏറ്റവും കൂടുതൽ എക്സൈസ് ഡ്യൂട്ടിയുള്ള രണ്ടാമത്തെ രാജ്യമാണ് അയർലൻഡ്. ബിയറിന്റെ എക്സൈസ് തീരുവയിൽ മൂന്നാം സ്ഥാനമാണ് അയർലൻഡിന് ഉള്ളത്. സ്പിരിറ്റിന്റെ തീരുവയിലും മൂന്നാം സ്ഥാനം രാജ്യത്തിനാണ്.

