ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന അഭയാർത്ഥി കുട്ടികൾക്കായി സർക്കാർ ചിലവിടുന്നത് വൻ തുക. ഓരോ കുട്ടിയുടെയും സംരക്ഷണത്തിനായി ഐറിഷ് സർക്കാരിന്റെ ചൈൽഡ് ആൻഡ് ഫാമിലി ഏജൻസിയായ തുസ്ല കഴിഞ്ഞ വർഷം 7,50,000 യൂറോയാണ് ചിലവഴിക്കുന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഡെയ്ലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ അയർലൻഡിലെ എമർജൻസി അക്കൊമഡേഷനിൽ 51 അഭയാർത്ഥി കുട്ടികളാണ് താമസിക്കുന്നത്. ഇവർക്കായി കഴിഞ്ഞ വർഷം 38 മില്യൺ യൂറോയാണ് തുസ്ല ചിലവിട്ടിരിക്കുന്നത്. അതായത് ഓരോ കുട്ടിയ്ക്കും ഏഴര ലക്ഷം യൂറോ. രൂപയായി കണക്കാക്കിയാൽ 6.75 കോടി.
നിരവധി ഐറിഷ് കുട്ടികളാണ് രാജ്യത്ത് കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നത്. എന്നാൽ അവർക്ക് ശ്രദ്ധ കൊടുക്കാതെ അഭയാർത്ഥി കുട്ടികൾക്ക് ഇത്രയേറെ തുക സർക്കാർ ചിലവാക്കുന്നതിൽ വിമർശനം ഉയർന്നിട്ടുണ്ട്.

