ഡബ്ലിൻ: അയർലന്റിലെ പുതിയ ഡാർട്ട് റെയിൽവേ സ്റ്റേഷൻ അടുത്ത മാസം തുറക്കും. സൗത്ത് ഡബ്ലിനിലെ വുഡ്ബ്രൂക്കിലാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10 ന് റെയിൽവേ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് അയർലന്റ് റെയിൽവേ അറിയിച്ചു.
ബ്രേയ്ക്കും ഷങ്കിലിനും ഇടയിലായിട്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. അയർലന്റിലെ റെയിൽ ശൃംഖലയുടെ 147ാമത് സ്റ്റേഷനാണ് വുഡ്ബ്രൂക്കിലേത്. നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയും ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റും ചേർന്നാണ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
പ്രതിദിനം 191 ഡാർട്ട് സർവ്വീസുകളാകും സ്റ്റേഷനിൽ നിന്നും ഉണ്ടാകുക. ഡബ്ലിൻ സിറ്റിസെന്ററിലേക്ക് ഇവിടെ നിന്നും 40 മിനിറ്റ് യാത്ര മാത്രമാണ് വേണ്ടിവരിക. 174 മീറ്ററുള്ള രണ്ട് പ്ലാറ്റ് ഫോമുകളാണ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. ആളുകൾക്ക് സൈക്കിൾ പാർക്കിംഗിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.

