അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർഥിയെ പുറത്താക്കാൻ തീരുമാനിച്ച് അയർലാൻഡ് . 26 കാരനായ വിശാഖ് രാജേഷ് ലീലയ്ക്കാണ് മൂന്ന് വർഷത്തെ സസ്പെൻഡഡ് ശിക്ഷ വിധിച്ചത് . രണ്ടാഴ്ച്ചയ്ക്കുള്ളിൽ അയർലാൻഡ് വിടാനും, പത്ത് വർഷത്തേയ്ക്ക് മടങ്ങി വരരുതെന്നുമാണ് കോടതി നിർദേശം .
2024 സെപ്റ്റംബർ 14 നാണ് ഡബ്ലിന്റെ വടക്കു ഭാഗത്തുള്ള അപ്പാർട്ട്മെന്റ് കോമ്പ്ലക്സിൽ നിന്ന് വിശാഖ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് . കേസിൽ കുറ്റം സമ്മതിച്ചെങ്കിലും ജയിൽ ശിക്ഷ ഒഴിവാക്കപ്പെട്ടു. കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഈ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
2023 മുതൽ അയർലാൻഡിൽ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർഥിയായ വിശാഖ് സംഭവദിവസം അപ്പാർട്ട്മെന്റി നടന്ന പാർട്ടിയിലും പങ്കെടുത്തിരുന്നു. സാധാരണയായി താൻ മദ്യപിക്കാറില്ലെന്നും , എന്നാൽ അന്ന് പാർട്ടിയ്ക്കിടെ മദ്യപിച്ചുവെന്നുമാണ് വിശാഖ് പറഞ്ഞത് . രാത്രി 9 മണിയോടെയാണ് അപ്പാർട്ട്മെന്റിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെയും സഹോദരിയെയും വിശാഖ് കണ്ടത് . അഞ്ച് വയസുകാരനെ പിടികൂടി കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ സഹോദരി വിശാഖിനെ തള്ളി വീഴ്ത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ അപ്പാർട്ട്മെന്റ് സെക്യൂരിറ്റിയെയും , ഗാർഡയെയും വിവരമറിയിച്ചു . സംഭവസ്ഥലത്തെത്തിയ ഗാർഡ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വിശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

