വാട്ടർഫോർഡ്: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ഐക്യത്തിന്റെയും സാംസ്കാരിക തനിമയുടെയും പ്രതീകമായ ചുമർചിത്രം അനാച്ഛാദനം ചെയ്തു. വാട്ടർഫോർഡ് വാൾസ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് ചുമർചിത്രം അനാച്ഛാദനം ചെയ്തത്. നിലവിലെ അയർലൻഡിലെ സാമൂഹിക ചുറ്റുപാടിൽ വലിയ പ്രാധാന്യമാണ് ചിത്രത്തിനുള്ളത്.
ഇന്ത്യൻ കുട്ടിയും ഐറിഷ് കുട്ടിയും ചേർന്ന് നിൽക്കുന്ന ചിത്രത്തിന് യുണൈറ്റഡ് അയർലൻഡ് എന്നാണ് പേര്. പ്രമുഖ ഐറിഷ് കലാകാരനായ അൻഡിമക് ആണ് ചിത്രം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ജെൻകിസ് ലെയ്നിൽ സ്ഥാപിച്ചിരിക്കുന്ന ചുമർ ചിത്രം പൊതുജനങ്ങൾക്കും സന്ദർശിക്കാം.
ചുമർചിത്രം സാംസ്കാരിക വൈദ്യത്തെ ആദരിക്കുന്നതായി ദി വാൾസ് പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ ഓ കോണൽ വ്യക്തമാക്കി. ഈ ചുമർചിത്രം ചുമരിലെ കേവലം ചായം മാത്രമല്ല. വാട്ടർഫോർഡിലെ ജനങ്ങൾ അവരുടെ അയൽക്കാരെ, നഗരത്തെ എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിബിംബം കൂടിയാണ്. നമുക്ക് ആരാകാൻ ആഗ്രഹമുണ്ടെന്നതിന്റെ പ്രസ്താവന കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

