നവജാതശിശു മരണപ്പെട്ട കേസിൽ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ . ഗാൽവേ ഒറാന്മോർ സ്വദേശികളായ അന്നയും , ജെറാർഡ് ഗില്ലിഗനുമാണ് തങ്ങളുടെ മകളുടെ മരണവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 27 ന് ഹോസ്പിറ്റലിനെതിരെ കേസ് ഫയൽ ചെയ്തത് . പ്രസവചികിത്സയിലെ പോരായ്മകൾക്കാണ് ആശുപത്രി അധികൃതർ ക്ഷമാപണം നടത്തിയത്.
വിനാശകരവും, ദുരന്തവുമായ കേസ് എന്നാണ് ബാരിസ്റ്റർ ഡോറിയൻ ഒ’മഹോണി കോടതിയെ അറിയിച്ചത്. കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ സി ടി ജി നിരീക്ഷണം കുറവായിരുന്നുവെന്നും , ചിലപ്പോഴൊല്ലെ ഹൃദയമിടിപ്പ് നിരീക്ഷിച്ചിരുന്നില്ലെന്നും , ഓക്സിജന്റെ അഭാവം മൂലം കുഞ്ഞിന്റെ തലച്ചോറിന് തകരാർ ഉണ്ടായതായും കണ്ടെത്തി. ജനിച്ച് ഒരു മണിക്കൂറിനുള്ളിലാണ് കുഞ്ഞ് മരിച്ചത്.
അതേസമയം ഒത്തുതീർപ്പ് അംഗീകരിച്ച കോടതിയും മാതാപിതാക്കളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി ജസ്റ്റിസ് പോൾ കോഫി പറഞ്ഞു. ‘ ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും, ഗാർഹിക ജീവിതത്തിലും ഇത് വളരെയധികം സ്വാധീനം ചെലുത്തുന്നു . ഭാഗ്യവശാൽ ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുഞ്ഞുങ്ങൾ കൂടിയുണ്ട്.അതും അവളുടെ ഓർമ്മകളാൽ നിറഞ്ഞിരിക്കുന്നു ‘ എന്നാണ് മാതാപിതാക്കളുടെ പ്രതികരണം.

