ഗാൽവേ: സ്തനാർബുദവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ഗാൽവേ സർവ്വകലാശാലയിൽ വൻതുകയുടെ നിക്ഷേപം നടത്തി നാഷണൽ ബ്രെസ്റ്റ് ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. നാല് മില്യൺ യൂറോയുടെ നിക്ഷേപം ആണ് നടത്തിയിരിക്കുന്നത്. സ്തനാർബുദവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ നിക്ഷേപം ഗാൽവേ സർവ്വകലാശാലയ്ക്ക് വലിയ മുതൽകൂട്ട് ആകും.
അയർലന്റിൽ പ്രചാരത്തിലില്ലാത്ത ഡിജിറ്റൽ ഇമേജിംഗ് ഉൾപ്പെടെയുള്ള രോഗനിർണയവും ഗവേഷണവും സാദ്ധ്യമാകുന്നതിന് വേണ്ടിയുള്ളതാണ് നിക്ഷേപം. ഇതിന് പുറമേ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വികാസം, സാമ്പിളുകളുടെ വിശലകനത്തിലുള്ള അന്താരാഷ്ട്ര സഹകരണം, അദ്ധ്യാപകരുടെ നിയമനം എന്നിവയ്ക്കും ഈ നിക്ഷേപം പ്രയോജനപ്പെടുത്താം. അയർലന്റിലെ കണക്കുകൾ പ്രകാരം ഏഴിൽ ഒരു സ്ത്രീയ്ക്ക് സ്തനാർബുദം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സർവ്വകലാശാലയിൽ നടത്തിയിരിക്കുന്ന നിക്ഷേപം സുപ്രധാന മാറ്റങ്ങൾക്കും കാരണമാകും.

