ഡബ്ലിൻ: ഇന്ധനവില വർധനവിൽ അയർലൻഡിൽ കൂടുതൽ പ്രതിഷേധങ്ങൾ നടക്കുമെന്ന് മുന്നറിയിപ്പ്. സമരത്തിന്റെ വക്താക്കളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബജറ്റിന് മുൻപ് അയർലൻഡ് നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷിയാകുമെന്ന് വക്താക്കൾ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഡബ്ലിനിൽ നിന്നുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് കൗണ്ടി വെസ്റ്റ്മീത്തിൽ നിന്നുള്ള കരാറുകാരനായ ജെയിംസ് ജിയോഗെഗനും കിൽഡെയറിൽ നിന്നുള്ള കർഷകനായ ജോൺ ഡാലണും ആയിരുന്നു. ഇവരാണ് ഇനിയും പ്രതിഷേധം നടക്കുമെന്ന് വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി ഡബ്ലിൻ സിറ്റിയിൽ നടന്ന ബ്രേക്കിംഗ് പോയിന്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാരിന്റെ ഇന്ധന സബ്സിഡി പദ്ധതിയെ രൂക്ഷമായി വിമർശിച്ച ഇരുവരും തൊഴിലാളികളുടെ ജീവിത ചിലവ് ഉയരുന്നതിൽ ആശങ്കയും പങ്കുവച്ചു.

