ഡബ്ലിൻ : കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അയർലൻഡിലെ ഭക്ഷ്യവില 3.9 ശതമാനം വരെ വർധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോർട്ട്. 2026 ജനുവരിയിൽ അയർലൻഡിന്റെ യൂറോപ്യൻ യൂണിയൻ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസ് വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് .
യൂറോസൺ രാജ്യങ്ങളിലുടനീളമുള്ള വിലകൾ താരതമ്യം ചെയ്ത് വില സ്ഥിരത മനസിലാക്കുന്നതിനായി രൂപകൽപ്പന ചെയ്ത സൂചികയാണ് ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസ് . ജനുവരി വരെയുള്ള 12 മാസങ്ങളിൽ ഉപഭോക്ത ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും വില 2.6 ശതമാനം വർധിച്ചു എന്നാണ് സി എസ് ഒ വ്യക്തമാക്കുന്നത് .എന്നാൽ കഴിഞ്ഞ ഡിസംബർ മുതൽ ഇതിൽ ഒരു ശതമാനം കുറവ് വന്നിട്ടുണ്ട്.
ഇതിൽ ഭക്ഷ്യവസ്തുക്കളുടെ മാത്രം കാര്യം എടുത്താൽ വില 3.9 ശതമാനം ആണ് വർധിച്ചത് . ഈ മാസം ഊർജ്ജ വില 0.8% കുറഞ്ഞെങ്കിലും, ജനുവരി വരെയുള്ള കഴിഞ്ഞ 12 മാസത്തിനിടെ അത് 0.3% വർദ്ധിച്ചിട്ടുണ്ട്.ഇതേ കാലയളവിൽ യൂറോസണിലെ ആകെ വാർഷിക വില വർധന 1.9 ശതമാനമാണ്.

