ഡബ്ലിൻ: മാർഗരറ്റ് മക്ഗിന്നസിന്റെ പിന്മാറ്റത്തിന് പിന്നാലെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട നീക്കത്തിൽ ഫിൻ ഗെയ്ൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളിൽ നിന്നും വീണ്ടും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ പാർട്ടി ഉടൻ ആരംഭിക്കും. ആരോഗ്യകാരണങ്ങളെ തുടർന്നാണ് മാർഗരറ്റ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്.
ഞായറാഴ്ച പർട്ടിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം ചേരും. ഇതിന് പിന്നാലെയാകും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയകൾ ആരംഭിക്കുക. അതേസമയം മാർഗരറ്റ് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ പുതിയ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാൻ കഴിയില്ല.
നിലവിൽ പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിലേക്ക് മൂന്ന് പേരുകളാണ് പാർട്ടിയ്ക്ക് മുൻപിലുള്ളത്.മുൻ നീതിന്യായ മന്ത്രിയും എംഇപിയുമായ ഫ്രാൻസിസ് ഫിറ്റ്സ്ജെറാൾഡ്, എംഇപി ഷോൺ കെല്ലി, മുൻ സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് എന്നിവരാണ് ഇപ്പോൾ പരിഗണനയിലുള്ള പേരുകൾ.

